പാനൂർ: പാനൂർ മേഖലയിൽ തെരുവുനായ ആക്രമണം അതിരൂക്ഷമാകുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. അണിയാരം ഭാരത് ഗ്യാസ് ഓഫീസിന് സമീപം കൊടക്കാട്ട് റോഷിയുടെയും രസ്നയുടെയും മകൾ ഫിയയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മൂമ്മ കാർത്തികയ്ക്കും (56) കടിയേറ്റു.
പകൽ പന്ത്രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഫിയയെ നായ ആക്രമിച്ചത്. കുട്ടിയുടെ തലയുടെ പിന്നിലും കൈയിലും നായ കടിച്ചുപറിച്ചു. പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നടുവിനും കാലിനും കടിയേറ്റ കാർത്തിക തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
മേഖലയിൽ മറ്റ് മൂന്ന് പേർക്ക് കൂടി നായയുടെ കടിയേറ്റു. എലാങ്കോട് കാരോൾ എൽ.പി സ്കൂളിന് സമീപം ഗർഭിണിയായ റഫ (26), കൈവേലിക്കൽ സ്വദേശി ആദിനാഥ് (15), കണ്ണംവെള്ളി സ്വദേശിനി രാധ (58) എന്നിവർക്കാണ് പരിക്കേറ്റത്. തെരുവുനായ്ക്കൾ പെരുകുന്ന സാഹചര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.
