പാനൂർ: എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി.കെ. പ്രവീണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള 'പ്രഭാത യാത്ര' പെരിങ്ങത്തൂരിലും ആവേശമായി.
യുവജനങ്ങളെ അണിനിരത്തി പെരിങ്ങത്തൂർ മുതൽ മേക്കുന്ന് വരെയായിരുന്നു ശനിയാഴ്ച സ്ഥാനാർത്ഥി പദയാത്ര നടത്തിയത്.
തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായ പ്രവീൺ കഴിഞ്ഞ ദിവസങ്ങളിൽ പാനൂർ, കൂത്തുപറമ്പ് ടൗണുകളിലും സമാനമായ രീതിയിൽ പ്രഭാത യാത്രകൾ നടത്തിയിരുന്നു. മണ്ഡലത്തിലെ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനും യുവജന പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ യാത്രകളിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.
പെരിങ്ങത്തൂരിലെ പദയാത്രയ്ക്ക് പാനൂർ നഗരസഭാ കൗൺസിലർമാരായ സി. റീന, ദീപ വി.ജി., വി.പി. അശ്വിനി, വി.വി. ഷഫീഖ്, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, വി.പി. പ്രേമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. നാളെ രാവിലെ പാറാട് ടൗണിലും സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ പ്രഭാത യാത്ര നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.
ldf-candidate-pk-praveen-morning-march-peringathur-koothuparamba
