പെരിങ്ങത്തൂർ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് വിലയിരുത്തി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) 2025-ൽ ഉജ്ജ്വല നേട്ടം കൈവരിച്ച് പെരിങ്ങത്തൂർ MECF കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ. സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ 'ബാൻഡ് 1' പദവി കരസ്ഥമാക്കിയാണ് കോളേജ് തങ്ങളുടെ അക്കാദമിക് മികവ് തെളിയിച്ചത്.
കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ അധ്യാപക പരിശീലന കോളേജുകളിൽ ഒന്നാം സ്ഥാനവും, സർക്കാർ-എയ്ഡഡ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ ബി.എഡ് കോളേജുകളിൽ മൂന്നാം സ്ഥാനവും നേടിയാണ് MECF കരുത്ത് കാട്ടിയത്. കൂടാതെ, ടീച്ചിംഗ് ലേണിംഗ് റിസോഴ്‌സസ് (TLR) അടിസ്ഥാനമാക്കിയുള്ള സംസ്ഥാനതല റാങ്കിംഗിൽ 32-ാം സ്ഥാനവും കോളേജ് സ്വന്തമാക്കി.
അക്കാദമിക് നിലവാരം, നൂതന അധ്യാപന രീതികൾ എന്നിവയ്‌ക്കൊപ്പം കല, കായിക, സാംസ്‌കാരിക മേഖലകളിലെ വിദ്യാർത്ഥികളുടെ പ്രകടനവും ഈ നേട്ടത്തിൽ നിർണ്ണായകമായി. രക്‌തദാന ക്യാമ്പുകൾ, സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ സാമൂഹിക ഇടപെടലുകളും റാങ്കിംഗിൽ പരിഗണിക്കപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ഡോ. രാജൻ വർഗീസിൽ നിന്നും പ്രിൻസിപ്പൽ ഡോ. സി.കെ. ബാബു കോളേജിനായുള്ള പ്രശസ്തിപത്രം ഏറ്റുവാങ്ങി. ഈ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റു ജീവനക്കാർ എന്നിവരെ കോളേജ് മാനേജ്‌മെന്റ് അഭിനന്ദിച്ചു.
