ചൊക്ലി: രാമവിലാസം ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) പരിശീലന ക്യാമ്പിന് തുടക്കമായി. സാങ്കേതിക വിദ്യയുടെ വേഗത്തിൽ മാറുന്ന ലോകത്ത് രക്ഷിതാക്കളെ കൂടി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൻ്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൻ സ്മിത നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ എം കെ ബിജു അദ്ധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺമാരായ ശ്രീസായ് കൃഷ്ണ, യാര മുസമ്മിൽ, ധാർമ്മിക് തേജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എ ഐയുടെ അടിസ്ഥാന ആശയങ്ങൾ, വിദ്യാഭ്യാസ രംഗത്ത് അതിന്റെ പ്രായോഗിക ഉപയോഗങ്ങൾ, കുട്ടികളുടെ പഠന പുരോഗതിയിൽ എ ഐ വഹിക്കുന്ന പങ്ക് എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു.
രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്. ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് രക്ഷിതാക്കളെയും പങ്കാളികളാക്കുന്ന മാതൃകാപരമായ പരിപാടിയാണിത്. ലിറ്റിൽ കൈറ്റ്സ് മെൻ്റർ ജെ രശ്മി നന്ദി പറഞ്ഞു.
