പാനൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനെച്ചൊല്ലി യുഡിഎഫിലും മുസ്ലിം ലീഗിലും പ്രതിഷേധം പുകയുന്നു. മണ്ഡലത്തിലെ പ്രമുഖ നേതാക്കളായ പി.കെ. ഷാഹുൽ ഹമീദ്, വി. നാസർ, കാട്ടൂർ മുഹമ്മദ്, സി.കെ. മുഹമ്മദലി എന്നിവരെ പരിഗണിക്കാതെq ലീഗ് നേതാവ് ജയന്തി രാജനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. പാർട്ടിയിലെ ഗ്രൂപ്പിസം ഭയന്നാണ് നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന.
അതിനിടെ, മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിന്റെ ഭാര്യയും വനിതാ ലീഗ് പ്രവർത്തകയുമായ നദീറ ഷാഹുൽ ഹമീദിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. പ്രവീണിന് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ചിത്രമാണ് മുൻ പാനൂർ പഞ്ചായത്തംഗം കൂടിയായ നദീറ പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഇത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
