പാനൂർ: നഗരമധ്യത്തിൽ ചമ്പാട് റോഡിൽ വെസ്റ്റ് യു.പി സ്കൂളിന് സമീപമുള്ള 'ഫ്ലൈമാപ്സ് ഹോളിഡെയ്സ്' (Flymaps Holidays) എന്ന സ്ഥാപനത്തിൽ വൻ തീപ്പിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കടയുടെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീയിട്ടപ്പോൾ അത് അനിയന്ത്രിതമായി കടയുടെ പിൻഭാഗത്തേക്ക് പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
തീ പടർന്നതിനെത്തുടർന്ന് സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഷട്ടറുകൾ, എ.സി.പി ഷീറ്റുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പാനൂർ അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
