പാനൂർ: വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രണ്ടു വയസ്സുകാരി അരക്കിലോമീറ്ററോളം നടന്ന് തിരക്കേറിയ റോഡിലെത്തി. പാനൂരിനടുത്ത താഴെ ചമ്പാട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഗ്യാസ് ഏജൻസി ജീവനക്കാരനായ സത്യന്റെ കൃത്യമായ ഇടപെടലും ജാഗ്രതയുമാണ് കുട്ടിക്ക് രക്ഷയായത്.
താഴെ ചെമ്പാട് വെളിയൻ പീടികയ്ക്ക് സമീപം ഗ്യാസ് വിതരണത്തിനായി വാഹനത്തിൽ പോവുകയായിരുന്നു സത്യൻ. ഈ സമയത്താണ് ഒന്നരയോ രണ്ടോ വയസ്സ് മാത്രം പ്രായമുള്ള കൊച്ചുകുട്ടി അലക്ഷ്യമായി റോഡ് മുറിച്ചുകടക്കാൻ എന്ന വണ്ണം നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ സത്യൻ കുട്ടിയെ കയ്യിലെടുക്കുകയും സമീപത്തെ വീടുകളിൽ അന്വേഷിക്കുകയും ചെയ്തു. എന്നാൽ പരിസരത്തുള്ള ആർക്കും കുട്ടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
ഇതിനിടെ വിവരമറിഞ്ഞ് പാനൂർ പൊലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് കുട്ടിയുടെ മാതാവ് നിലവിളിച്ചുകൊണ്ട് സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. പാനൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ആന്റണി ഡിക്രൂസ്, കെ.എം. സുജോയ് എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടിയെ സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറി.

