Zygo-Ad

റോഡ് വികസനത്തിന് തടസ്സം; കടവത്തൂരിലെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കെതിരെ പരാതിയുമായി ഡി വൈ എഫ് ഐ

 


കടവത്തൂർ: കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണം പുരോഗമിക്കുന്ന കടവത്തൂർ - കല്ലിക്കണ്ടി റോഡരികിലെ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ ഡി വൈ എഫ് ഐ രംഗത്ത്. ഗതാഗത തടസ്സമുണ്ടാക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ തൃപ്പങ്ങോട്ടൂർ മേഖല സെക്രട്ടറി സി.പി. അശ്വിൻ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.

പരാതിയിലെ പ്രധാന ആവശ്യങ്ങൾ:

 * ലീഗ് ഓഫീസ് നിർമ്മാണം: ആർനാണ്ടി പീടികയ്ക്ക് സമീപം പുതുതായി നിർമ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ ഇരുനില കെട്ടിടം നിയമപരമായ ദൂരപരിധി പാലിക്കാതെയാണ് പണിയുന്നതെന്ന് പരാതിയിൽ പറയുന്നു. അപകടകരമായ വളവിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.

 * കോൺഗ്രസ് മന്ദിരം പൊളിച്ചുമാറ്റണം: കടവത്തൂർ - പാനൂർ, കടവത്തൂർ - കല്ലിക്കണ്ടി റോഡുകൾ ചേരുന്ന കോർണറിലുള്ള സി.കെ. മൂസ്സ മാസ്റ്റർ സ്മാരക കോൺഗ്രസ് മന്ദിരം സുഗമമായ ഗതാഗതത്തിന് ഭീഷണിയാണെന്നും റോഡ് വികസനത്തിന്റെ ഭാഗമായി ഇത് പൊളിച്ചുനീക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

 * മുതുകാട് റോഡിലെ ലീഗ് ഹൗസ്: കടവത്തൂർ ടൗണിലെ മുണ്ടത്തോട് റോഡിലുള്ള ലീഗ് ഹൗസിന്റെ ഒന്നാം നില റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് നവീകരണം നടത്തുന്നതെന്നും ഇത് നിയമലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ മൂന്ന് കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ അടിയന്തര പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അധികൃതർ നടപടി വൈകിപ്പിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ തൃപ്പങ്ങോട്ടൂർ മേഖല കമ്മിറ്റി അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ