ചൊക്ലി: തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിന്റെ നിർമ്മാണം പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, കാന്റീൻ എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 19-ന് നടക്കും. രാവിലെ 9:30-ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കെട്ടിടങ്ങൾ നാടിന് സമർപ്പിക്കും.
സ്പീക്കർ എ.എൻ. ഷംസീറിന്റെ ഇടപെടലിലൂടെ സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.എം. സപ്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് സിറാജുദ്ദീൻ, വൈസ് പ്രിൻസിപ്പൽ സുസ്മിൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
എൻ. അനൂപ് ചെയർമാനായും പ്രിൻസിപ്പൽ മുഹമ്മദ് സിറാജുദ്ദീൻ ജനറൽ കൺവീനറായും 501 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. കോടിയേരി സ്മാരക കോളേജിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ ഉദ്ഘാടന ചടങ്ങ് മാറും.
