Zygo-Ad

കടവത്തൂരിൽ ആറ് വയസുകാരന് നേരെ പാഞ്ഞടുത്തു തെരുവ് നായ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കടവത്തൂർ: തെരുവ് നായ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആറു വയസുകാരൻ. കണ്ണൂർ കടവത്തൂർ സ്വദേശി മുഹമ്മദ് ഹാസിമാണ് കടിയേല്‍ക്കാതെ കഷ്ടിച്ച്‌ രക്ഷപ്പെട്ടത്.

വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് ഗേറ്റ് കടന്ന് പുറത്തെത്തിയ ഉടൻ ഹാസിമിന് നേരെ തെരുവ് നായ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ കുട്ടി സൈക്കിളുമായി ഉടൻതന്നെ വീടിനകത്തേക്ക് ഓടി കയറി.

നായ വീടിന്റെ വാതില്‍ക്കല്‍ വരെ എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഹാസിമിന്റെ മാതാപിതാക്കളെത്തിയാണ് നായയെ ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 

പാനൂർ, തലശ്ശേരി ഭാഗങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. മന്ത്രിയടക്കമുള്ളവർ പരാമർശിച്ച എബിസി. (ആനിമല്‍ ബർത്ത് കണ്‍ട്രോള്‍) കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണിത്.

വന്ധ്യംകരണത്തിനായി തലശ്ശേരിയില്‍ നിന്ന് എബിസി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിലർ എത്തുകയും നായകളെ വന്ധ്യംകരണത്തിന് ശേഷം അതേ പ്രദേശത്ത് തന്നെ തുറന്നു വിടുകയും ചെയ്യാറുണ്ട്. 

ഇങ്ങനെ തുറന്നു വിടുന്ന ചില ആക്രമണകാരികളായ നായകളാണ് കുട്ടികളെ തുടർച്ചയായി ഓടിക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. തൊട്ടടുത്ത പഞ്ചായത്തുകളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

വളരെ പുതിയ വളരെ പഴയ