കണ്ണൂർ: ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കൂത്തുപറമ്പ നിയോജകമണ്ഡലം ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ശനിയാഴ്ച 'നിയുക്തി 2025" എന്ന പേരിൽ പാനൂർ യു.പി സ്കൂളിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.മേളയുടെ ഉദ്ഘാടനം രാവിലെ 9.30 ന് സംഘാടക സമിതി അധ്യക്ഷൻ കൂടിയായ കൂത്തുപറമ്പ എംഎൽഎ കെ. പി. മോഹനൻ നിർവ്വഹിക്കും. പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷത വഹിക്കും. കൂത്തുപറമ്പ നഗരസഭാ അധ്യക്ഷനും, മണ്ഡലത്തിലെ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാരും പങ്കെടുക്കും.
തൊഴിൽ മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ഹോസ്പിറ്റൽ, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ, ചൈനീസ് കുക്ക്, ടെയിലറിങ്, ധനകാര്യം,മറ്റ് സേവനമേഖലകളിൽ നിന്ന് 450 ലേറെ ഒഴിവുകളുമായി 25 ഓളം പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടാതെ 1000 ലേറെ ഉദ്യോഗാർത്ഥികളെയും ജോബ് ഫെസ്റ്റിൽ പ്രതീക്ഷിക്കുന്നു. എസ് എസ് എൽ സി മുതൽ ബിരുദാനന്തര ബിരുദം വരെ വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. കൂടാതെ ഐടിഐ, ബിടെക് , എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അനുയോജ്യമായ നിരവധി ഒഴിവുകൾ ലഭ്യമാണ്. എല്ലാ ഒഴിവുകൾക്കും നിശ്ചിത പ്രായപരിധി ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/4JEVigyCsHHyKRsK7 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടാതെ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.
ഫോൺ: 0497 - 2707610, 6282942066, 0497-2700831, 9447196270.
പരിപാടികൾ വിശദീകരിക്കാൻ കണ്ണൂർ പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കെ.പി.മോഹനൻ എംഎൽഎ, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ രമേശൻ കുനിയിൽ, ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ, കൺവീനർ കെ.പി.രമേഷ് ബാബു എന്നിവർ പങ്കെടുത്തു.