Zygo-Ad

പാനൂരിൽ വിദ്യാർത്ഥികൾക്കിടയിൽ ജെവി ഫ്ലക്സ് ഗം ലഹരി വ്യാപകമാകുന്നു; പൊലീസ് അന്വേഷണം തുടങ്ങി

 


പാനൂർ :പാനൂർ പ്രദേശത്ത് വിദ്യാർത്ഥികൾക്കിടയിൽ ജെവി ഫ്ലക്സ് ഗം ലഹരിയായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ പാനൂർ, കൊളവല്ലൂർ പൊലീസ് സ്റ്റേഷനുകൾ അന്വേഷണം ആരംഭിച്ചു.

പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ, ജെവി ഫ്ലക്സ് ഗം ലഹരിയായി ഉപയോഗിച്ച വിദ്യാർത്ഥി മാനസിക നില തകരാറിലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇടയ്ക്കിടെ അക്രമാസക്തനാകുന്ന ഇയാൾ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഏകദേശം 40ഓളം വിദ്യാർത്ഥികൾ ഈ ഗം ഉപയോഗിക്കുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഇതിനെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ സംഘം കടകളിൽ പരിശോധന ശക്തമാക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് ഒരുവിധ കാരണവശാലും ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കരുതെന്നും, സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണമെന്നും വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മരം, ലോഹം, ടൈൽ, പ്ലാസ്റ്റിക് മുതലായവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന റബറൈസ്‌ഡ് ഗമാണ് ജെവി ഫ്ലക്സ്. വിഷപദാർത്ഥങ്ങളും അസംസ്കൃത വസ്തുക്കളും ചേർത്ത് നിർമ്മിക്കുന്നതിനാൽ ഇത്ppp ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

2018-ലും സമാനമായൊരു സംഭവം പാനൂരിൽ റിപ്പോർട്ട് ചെയ്തിരുന്നു. വൈറ്റ്നർ ലഹരിയായി ഉപയോഗിച്ച സംഭവങ്ങളുടേയും രേഖകൾ പൊലീസിനുണ്ട്.

പാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇത്തരം പദാർത്ഥങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ എത്തിക്കുന്നതെന്നാണ് സൂചന. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥികളും ഇതിന് അടിമകളായതായി വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ