മനേക്കര ഷെൽട്ടറിന് സമീപമുള്ള ട്രാൻസ്ഫോർമറിൻ്റെ വേലിക്ക് മുകളിലും അകത്തും കാട്ടുവള്ളികൾ പടർന്നു കയറി അപകടാവസ്ഥയിൽ ആയിരിക്കുന്നു. മഴക്കാലമായതിനാൽ വഴിയാത്രക്കാർക്ക് റോഡരികിലൂടെ നടന്നു പോകുമ്പോൾ ഷോക്കേൽക്കാൻ സാധ്യതയുണ്ട്.
പാമ്പുകളുടെയും മറ്റു ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രമായി ഈ സ്ഥലം ഇതിനകം മാറിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ വഴിയാത്രക്കാർ റോഡിൻ്റെ ഈ വശം നടന്നു പോകുന്നത് അപകടത്തിന് കാരണമാകും.
നാട്ടുകാർ നിരവധി തവണ പാനൂർ കെ.എസ്.ഇ.ബി അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.
മനുഷ്യജീവനും തെരുവ് നായകൾക്കും മറ്റും അപകടം ഉണ്ടാകാതിരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.