പുത്തൂർ: മാനുഷിക മൂല്യങ്ങളുടെ ചന്തമേറ്റുന്നൊരു കല്യാണം നടന്നു പാനൂരിനടുത്തു പുത്തൂരിൽ.
പുത്തൂർ മർകസിന്റെ സഹായത്താൽ നടന്നൊരു കല്യാണം. മാർക്കസിൻ്റെ ഓഡിറ്റോറിയവും സ്ഥലവും പൂർണ്ണമായും വിവാഹത്തിന് സൗജന്യ മായി വിട്ട് നൽകി മതേതര മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഇവർ.
പുത്തൂർ തെക്കയിൽ ഹൌസിൽ ടി കെ ബാബുവിന്റെയും കെ വി ശോഭയുടെയും മകൾ ശ്രീബിനയുടെയും ഏച്ചുർ ഹൃദ്യം വീട്ടിൽ മഹേഷ് കുമാറിന്റെയും ടി സിന്ധുവിന്റെയും മകൻ വിവേക് കുമാറും തമ്മിലുള്ള വിവാഹമാണ് പുത്തൂർ മർകസിന്റെ സഹായത്താൽ മംഗളമായി നടത്തിയത്.
പുത്തൂർ മർകസിന്റെ ഓഡിറ്റോറിയവും പാചകം ചെയ്യാനുള്ള സ്ഥലവും മേശയും കസേരയും അടക്കമുള്ള സൗകര്യങ്ങളും പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു നൽകുകയായിരുന്നു.
അവർ തങ്ങളുടെ അയൽവാസികൾ ആണെന്നും എല്ലാവരെയും ചേർത്ത് പിടിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അത് കൊണ്ടാണ് സ്ഥലം വിട്ടു നൽകിയതെന്നും മർകസ് ഭാരവാഹികൾ പറഞ്ഞു.
സ്ഥല പരിമിതികളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തങ്ങൾക്ക് വിവാഹാവശ്യത്തിന് ഓഡിറ്റോറിയവും സ്ഥലവും വിട്ട് നൽകിയ മർകസ് ഭാരവാഹികളോട് ഏറെ നന്ദിയും സ്നേഹവും ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കെട്ടകാലത്ത്.. സ്നേഹത്തിന്റെ നൂലിഴകളാൽ മനുഷ്യരെ ചേർത്ത് പിടിച്ചു കൊണ്ട് മാതൃക കാട്ടുകയാണ് മർകസ് ഭാരവാഹികൾ.