Zygo-Ad

പെരിങ്ങത്തൂര്‍ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു


പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ മേഖലയില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. പെരിങ്ങളം, കരിയാട് ഭാഗങ്ങള്‍ക്ക് പുറമെയാണ് ഈ ഭാഗങ്ങളിലേക്ക് കൂടി മഞ്ഞപ്പിത്തം പടരുന്നത്.

നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

മഞ്ഞപ്പിത്ത വ്യാപനം തടയാൻ മേക്കുന്ന്, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ, ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ തുടങ്ങി. 

കരിയാട് നഗര പ്രാഥമികാരോഗ്യ കേന്ദ്രം, മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ പരിധിയിലാണ് പരിശോധനകള്‍ നടക്കുന്നത്. ഹോട്ടലുകള്‍, പാനീയ വില്‍പന കേന്ദ്രങ്ങള്‍ക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്.

വിവിധ വാർഡുകളിലെ വിവരങ്ങള്‍ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചു വരികയാണ്. വിവാഹം, ഗൃഹ പ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം. 

ശുദ്ധ വെള്ളം മാത്രം കുടിക്കാനും ഹോട്ടലുകളില്‍ ശുദ്ധ ജലം ഉപയോഗിക്കാനും നിർദേശം നല്‍കിയതായി അധികൃതർ അറിയിച്ചു.

പെരിങ്ങത്തൂർ ടൗണിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് ആരോഗ്യ കേന്ദ്രങ്ങള്‍ തീരുമാനിച്ചത്. 

മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വാർഡ് 31 ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തില്‍ പെരിങ്ങത്തൂർ അല്‍ മദ്റസത്തുല്‍ ആലിയ ഹയർ സെക്കൻഡറി മദ്റസയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 

വാർഡ് കൗണ്‍സിലർ സൈനുദ്ധീൻ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് മുസല്യാർ സ്വാഗതം പറഞ്ഞു.

ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ ആർ. ദീപലേഖ, ജൂനിയർ ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ പി. ലതിഷ ഭായ് എന്നിവർ ക്ലാസ്സെടുത്തു. 

സംസ്ഥാനത്ത് കുട്ടികളില്‍ പേവിഷബാധ മൂലമുള്ള മരണം ഉണ്ടാവുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രുഷയെ കുറിച്ചും ക്ലാസ്സില്‍ വിശദമാക്കി. കെ. ജാബിർ മുസ് ലിയാർ, എൻ.പി. ശ്രീജ. എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ