Zygo-Ad

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ വീണ്ടും 'നിക്ഷേപ തട്ടിപ്പ്'; മാഹി സ്വദേശിക്ക് നഷ്ടം 12 ലക്ഷം: തട്ടിപ്പ് സംഘത്തില്‍ നാദാപുരം, ഇരിട്ടി സ്വദേശിനികളായ സ്ത്രീകളും



പാനൂർ : വീണ്ടും ഹൈറിച്ച്‌ മോഡല്‍ നിക്ഷേപത്തട്ടിപ്പ് . മാഹി സെമിത്തേരി റോഡില്‍ ശ്രീനാരായണ ബി.എഡ്.കോളേജിന് സമീപം തുറന്ന് പ്രവർത്തിച്ചിരുന്ന നെക്സ് വൈബ് ഓണ്‍ ലൈൻ ഷോപ്പി എന്ന സ്ഥാപനം മുഖേനയാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം തട്ടിപ്പ് നടത്തിയത്.

നിക്ഷേപിക്കുന്ന സംഖ്യ 200 ദിവസത്തിനകം ഇരട്ടിപ്പിച്ച്‌ തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പുസംഘം മാഹിക്കാരനായ പ്രവാസിയില്‍ നിന്നും12 ലക്ഷം വാങ്ങി വഞ്ചിച്ചതായാണ് പരാതി. മാഹി പാറക്കലിലെ മനയില്‍ വീട്ടില്‍ എം. ഫസലുവാണ് പരാതിക്കാരൻ.

ഫസലു മാഹി പോലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ യോഗശാല റോഡില്‍ ബ്ലാക്ക് ടൈഗർ എന്ന സെക്യൂരിറ്റി ഏജൻസി നടത്തുന്ന ഫസലു മകന്റെ കല്യാണത്തിനായി സമ്ബാദിച്ച 18 ലക്ഷം രൂപയാണ് തട്ടിപ്പു കമ്പനിയില്‍ നിക്ഷേപിച്ചത്.

കൂടെ പഠിച്ച ഒരു സ്ത്രീ മുഖേനയാണ് തട്ടിപ്പുസംഘം ഫസലുവിനെ സമീപിച്ചത്. ആദ്യം ഫസലുവിന്റെ സ്ഥാപനത്തില്‍ നിന്നും മാഹിയിലേക്ക് സെക്യൂരിറ്റിയെ ആവശ്യപ്പെട്ടു. ഈ രീതിയില്‍ വിശ്വാസവും അടുപ്പവും നേടിയാണ് ചിട്ടി പിടിച്ചതടക്കം 18 ലക്ഷംരൂപ ഫസലുവില്‍ നിന്നും വാങ്ങിയത്.

പറഞ്ഞ അവധി കഴിഞ്ഞതോടെ ഫസലു പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാതെ ഒഴിവു കഴിവുകള്‍ പറഞ്ഞ് കബളിപ്പിച്ചു. 

ഒടുവില്‍ 6 ലക്ഷം രൂപ മാത്രം തിരിച്ചു നല്‍കി. ബാക്കി വന്ന 12 ലക്ഷത്തിന് ആവശ്യപ്പെട്ടപ്പോള്‍ കൈമലർത്തുകയായിരുന്നുവെന്ന് തലശ്ശേരി പ്രസ് ഫോറത്തില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ഫസലു പറഞ്ഞു.

കൂടുതല്‍ പണം സമാന രീതിയിലുള്ള മറ്റൊരു സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ നേരത്തെയുള്ള 12 ലക്ഷം ഉള്‍പെടെ തിരിച്ചു കിട്ടും എന്നൊരു പുതിയ വാഗ്ദാനം കൂടി സംഘം നല്‍കിയതായും ഫസലു ആരോപിച്ചു. 

മാഹിയിലെ നെക്സ് വൈബ് കേന്ദ്രം ഇപ്പോള്‍ അടച്ചുപൂട്ടിയ നിലയിലാണുള്ളത്. നാദാപുരം, ഇരിട്ടി, പേരാവൂർ, തൃശൂർ സ്ഥലങ്ങളിലെ 13 പേരാണ് തട്ടിപ്പ് സംഘാംഗങ്ങളെന്ന് ഫസലുവിന്റെ പരാതിയില്‍ പറയുന്നു.

ഇവരില്‍ പലരും നേരത്തെ ഹൈറിച്ച്‌ നിക്ഷേപ തട്ടിപ്പിലിലെ കുറ്റാരോപിതരും നിലവില്‍ അന്വേഷണം നേരിടുന്നവരുമാണ്. 

പലരില്‍ നിന്നുമായി ഏതാണ്ട് 68 കോടിയോളം രൂപ സംഘം തട്ടിയെടുത്തതായി ഫസലു പറഞ്ഞു.- വിഷയത്തില്‍ ഇ.ഡി.അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ