പെരിങ്ങത്തൂർ : സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിന്റെ നേതൃത്വത്തിൽ പാനൂർ നഗരസഭാ ചെയർമാൻ കെ.പി. ഹാഷിമിന് നിവേദനം നൽകി. ഡയാലിസിസ് സെൻററുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. തണൽ-അഭയ ഡയാലിസിസ് സെന്റർ പരിസരത്തുള്ള കിണറുകളിലെ കുടിവെള്ളം മലിനമാകുന്നത് ഡയാലിസിസ് സെന്റർ കാരണമാണ് എന്ന് ആരോപിച്ച് ജനകീയ സമിതി ഡയാലിസിസ് സെന്റർ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിദഗ്ധ സംഘത്തെ എത്തിച്ച് സ്ഥലത്തെ കുടിവെള്ളം പരിശോധിക്കണമെന്നും ഡയാലിസിസ് സെന്ററിന് ലൈസൻസ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യമുണ്ട്. ഡയാലിസിസ് രോഗികളുടെ ജീവൻ നിലനിർത്തുന്ന കേന്ദ്രം നിലനിർത്തിക്കൊണ്ടുതന്നെ പരിസരവാസികളുടെ പരാതികൾ പരിശോധിച്ച് പരിഹരിക്കാനാവശ്യമായ നടപടികളും സ്വീകരിക്കണമെന്നും ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സേവ് കരിയാട് ഡയാലിസിസ് സെൻറർ ജനറൽ കൺവീനർ വി.വി. അഷ്റഫ്, ചെയർമൻ ടി.കെ. ഹാരിസ്, ഒ.പി. ഹസീബ്, റഷീദ് പൊറ്റേരി എന്നിവരും കൗൺസിലർമാരായ എം.ടി.കെ. ബാബു, കെ.കെ. മിനി, ഉമൈസ തിരുവമ്പാടി, അൻസാർ അണിയാരം, ശോഭന കുന്നുള്ളതിൽ, സൈനുദീൻ തങ്ങൾ, മുസ്തഫ കല്ലുമ്മൽ എന്നിവരും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.