കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽ നിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന് പകൽ രണ്ട് മുതലാണ് മാഹി കൈക്കനാൽ വഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന് വെള്ളം കനാലിൻ്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട് വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.
ജനുവരി ആറിന് പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ് മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റി വച്ചിട്ടുണ്ട്.
മാഹി ബ്രാഞ്ച് കനാൽ പരിധിയിലെ വേങ്ങാട്, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖല കൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന് പഴശ്ശി അധികൃതർ അറിയി ച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന് വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20സെൻ്റിമീറ്റർ മാത്രമാണ് വെള്ളം താഴ്ന്നത്. നീരൊഴുക്ക് തുടർന്നാൽ മൂന്നാം വിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന് പഴശ്ശി എക്സിക്യൂട്ടിവ് എൻ ജിനിയർ ജയരാജൻ കുണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്, പി വി മഞ്ജുള, കെ വി ജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്.
പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലൂടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനു പുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യം കൂടി വീണ്ടെടുക്കുകയാണ്. 1997ലാണ് ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്