ചമ്പാട്: മേലെ ചമ്പാട്, പൊന്ന്യം പാലം പ്രദേശത്തെ വീടുകൾക്ക് മുന്നിൽ ദുരൂഹമായ രീതിയിൽ പ്രത്യേക അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. ചമ്പാട് മൂലക്കടവ് പെട്രോൾ പമ്പിന് സമീപത്തെ വീടുകൾക്ക് മുന്നിലും സമാനമായ രീതിയിൽ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ചതുരാകൃതിയിലുള്ള അടയാളങ്ങളാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഇത് എന്തിനുവേണ്ടിയാണെന്നോ ആരാണ് ചെയ്തതെന്നോ വ്യക്തമല്ലാത്തത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പന്ന്യന്നൂർ പഞ്ചായത്തിൽ ഇതുസംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക വിവരവുമില്ലെന്ന് പഞ്ചായത്തംഗം നസീർ ഇടവലത്ത് അറിയിച്ചു. സംഭവത്തിൽ ജാഗ്രത പാലിക്കണമെന്നും പോലീസിൽ പരാതി നൽകാൻ വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും വാൽവുകളും എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നടത്തുന്ന അടയാളപ്പെടുത്തലാണിതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാൽ ജനങ്ങളുടെ ആശങ്ക വിട്ടുമാറിയിട്ടില്ല.
