പാനൂർ: കണ്ണൂർ പാനൂരിനടുത്ത് കൂറ്റേരിയിൽ ആർ.എസ്.എസ് - ബിജെപി പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൂറ്റേരി സ്വദേശികളായ താഴെക്കുനിയിൽ സുജേഷ്, സിജു എന്നിവരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് കൂറ്റേരിയിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവുമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളായ കൂവേന്റ വളപ്പിൽ ആദർശിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ തർക്കങ്ങളാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
