പാനൂർ:കല്ലിക്കണ്ടി തൃപ്പങ്ങോട്ടൂർ ചിക്കോട് പീടികയ്ക്ക് സമീപത്തെ ആനോളിൽ മൂസയുടെ മകൻ മഹ്റൂഫിൻ്റെ കല്യാണത്തിനോടനുബന്ധിച്ച് ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫ്വാന ദമ്പതികളുടെ 18ദിവസം പ്രായമുള്ള മകൾ മറിയം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം.ഇതേ വീട്ടിലെ റഫ്വാനയുടെ 7 മാസം ഗർഭിണിയായ സഹോദരിയുടെ ഗർഭസ്ഥ ശിശുവിനും ആരോഗ്യ പ്രാശ്നങ്ങൾ നേരിട്ടതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.