Zygo-Ad

കൈവിട്ട കല്യാണാഘോഷം:ശക്തമായ നടപടിയുമായി പൊലീസ്; സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കേസ്

 


കണ്ണൂര്‍: കണ്ണൂർ തൃപ്പങ്ങോട്ടൂരിലെ കൈവിട്ട കല്യാണാഘോഷത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്. പടക്കം പൊട്ടിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. 

സംഭവത്തിന് പിന്നാലെ അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളുടെ കുഞ്ഞ് ചികിത്സയിലാണ്.രണ്ട് ദിവസം മുമ്പാണ് വരനെ ആനയിക്കുന്ന ചടങ്ങിനിടെയാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

തൃപ്പങ്ങോട്ടൂരിൽ ഞായർ,തിങ്കൾ ദിവസങ്ങളിലാണ് കല്യാണാഘോഷം നടന്നത്. ബാന്‍റ്മേളം, ഡിജെ, പടക്കം പൊട്ടിക്കൽ തുടങ്ങിയവ അർധരാത്രിയും തുടർന്നു. കല്യാണ വീടിന് അടുത്തുളള വീട്ടിലായിരുന്നു അഷ്റഫിന്‍റെ ഭാര്യ റഫാനയും 18 ദിവസം പ്രായമുളള കുഞ്ഞും. ഉഗ്രശേഷിയിൽ പടക്കങ്ങൾ പൊട്ടിയതോടെ കുഞ്ഞിന് അസ്വസ്ഥതകളുണ്ടായി. പടക്കം പൊട്ടിക്കരുതെന്ന് കുടുംബം ആഘോഷക്കാരോട് അപേക്ഷിച്ചെങ്കിലും ആരും ഇക്കാര്യം പരിഗണിച്ചില്ല. തിങ്കളാഴ്ച, വരനെ ആനയിക്കുന്ന ചടങ്ങിനിടെ വീണ്ടും ഉഗ്രശബ്ദത്തിൽ സ്ഫോടനമുണ്ടായി. ഇതോടെ കുഞ്ഞിന് വീണ്ടും വയ്യാതായി. 

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയിലാണ്. സംഭവത്തിൽ കൊളവല്ലൂർ പൊലീസിൽ അഷ്റഫ് പരാതി നൽകുകയായിരുന്നു. അതിരുവിടുന്ന ആഘോഷങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. സ്ഫോടവസ്തുക്ക ഉപയോഗിക്കുന്നതിലുൾപ്പെടെ ചട്ടങ്ങൾ പാലിക്കാതെയും മറ്റുളളവർക്കുണ്ടായോകാവുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയും നടക്കുന്ന അതിരുവിട്ട ആഘോഷങ്ങളിൽ ഒന്നുമാത്രമാണ്   തൃപ്പങ്ങോട്ടൂരിലേത്.

വളരെ പുതിയ വളരെ പഴയ