പാനൂർ: നഗരസഭ സെക്രട്ടറി എ.പ്രവീണിനെതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എംജി.രാജമാണിക്യം ഐഎഎസ് ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയത് തെളിഞ്ഞതായി ചൂണ്ടിക്കാട്ടി കുറ്റപത്രം നൽകിയിരിക്കുന്നത്.2023 മാർച്ച് മാസം നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും 95000 രൂപയുടെ അഴിമതി നടത്തിയത് അന്വേഷണത്തിൽ തെളിഞ്ഞതായും 1960 ലെ കേരള സിവിൽ സർവ്വീസ് ചട്ടം 15 പ്രകാരം ശിക്ഷാ നടപടികൾക്ക് വിധേയമാകണമെന്നും കാണിച്ചാണ് കുറ്റപത്രം. ഇതിൻമേൽ മറുപടി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നും കുറ്റാരോപണ മെമ്മോയിൽ പറയുന്നു.2023 ഒക്ടോബർ 19 ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും ഒരു മറുപടിയും നൽകാത്തതിനെയും നോട്ടീസിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.നഗരസഭയെ അവമതിക്കുന്ന തരത്തിൽ വാർത്തകൾ സൃഷ്ടിച്ചതിന് ചെയർമാൻ നൽകിയ നോട്ടീസിനും വിശദീകരണം നൽകാത്തത് കൃത്യവിലോപവും ഒരു ഓഫീസ് ഉദ്യോഗസ്ഥന് ചേരാത്ത ധിക്കാരപരമായ നടപടിയാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി എംജി.രാജമാണിക്യം ഐഎഎസ് വിമർശിക്കുന്നു.തനതു ഫണ്ട് സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ ഫണ്ട് അഴിമതി നടത്തിയത് സാമ്പത്തിക കുറ്റകൃത്യവും കൃത്യവിലോപവുമാണെന്ന് കുറ്റപത്രത്തിലുണ്ട്.2023 ജൂൺ 13നാണ് തനതു ഫണ്ട് നഗരസഭ സെക്രട്ടറി വകമാറ്റിയ വാർത്ത ഓപ്പൺമലയാളം ന്യൂസ് പുറത്തു കൊണ്ടു വന്നത്.വാർത്ത പുറത്തു വന്നതോടെ കൗൺസിലർ എം. രത്നാകരൻ കൗൺസിലിൽ വിഷയം ഉന്നയിച്ചെങ്കിലും ഓപ്പൺമലയാളം ന്യൂസിനെതിരെയും റിപ്പോർട്ടർ വിപി.ജിതേഷിനെതിരെയും രൂക്ഷമായ വിമർശനം നടത്തി കൗൺസിലിൽ കളവ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.തെളിവുകൾ എല്ലാം നിരത്തി പരാതി നൽകിയതോടെ സെക്രട്ടറി എ.പ്രവീൺ നടത്തിയ അഴിമതി പുറത്തു വരികയായിരുന്നു. ഇതിനു പുറമെ 2023 ഒക്ടോബർ 6ന് ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൻ്റെ മിനിട്സിൽ മാസങ്ങൾ പിന്നിട്ടിട്ടും സെക്രട്ടറി ഒപ്പിടാത്തതും വിവാദമായിട്ടുണ്ട്.ഇതിനെതിരെ നിയമ നടപടിക്കായി കൗൺസിലർ എം.രത്നാകരൻ കോടതിയെ സമീപിച്ചിട്ടുണ്ട്.ഇതോടെ 22 ന് ചേരുന്ന നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗവും നിർണ്ണായകമാകും.ഒരു മത സമുദായത്തെ അപകീർത്തികരമായി ചിത്രീകരിച്ച വിവാദ നായകൻ കൂടിയാണ് സെക്രട്ടറി എ. പ്രവീൺ. സ്ഥലം മാറ്റം ലഭിച്ചിട്ടും കോടതിയെ സമീപിച്ച് പാനൂർ നഗരസഭയിൽ തന്നെ തുടർന്ന സെക്രട്ടറി എ.പ്രവീണിനെതിരെ നിരവധി ആരോപണങ്ങളാണ് പൊതുവിലുള്ളത്.