പാനൂർ നഗരസഭ സെക്രട്ടറി എ.പ്രവീണിനെതിരെ ബിജെപി കൗൺസിലർ എം. രത്നാകരൻ നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാനും നടപടി കൈകൊള്ളാനും അടുത്ത ദിവസം തന്നെ പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർക്കുമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.ചെയർമാൻ വി.നാസർ, വൈസ് ചെയർപേഴ്സൺ പ്രീത അശോക്, പ്രതിപക്ഷ നേതാവ് എം.ടി.കെ.ബാബു,കൗൺസിലർമാരായ സ്വാമി ദാസൻ, അയൂബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഒക്ടോബർ 6ന് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ സെക്രട്ടറി ഒപ്പിടാത്തതിനെ ചോദ്യം ചെയ്താണ് എം.രത്നാകരൻ ഉപരോധം നടത്തിയത്.പ്ലാക്കാർഡ് ഉയർത്തി സെക്രട്ടറിക്ക് അരികെ നിന്നാണ് പ്രതിഷേധിച്ചത്.അടുത്ത ദിവസം ചേരുന്ന കൗൺസിൽ യോഗം സെക്രട്ടറിക്ക് നിർണ്ണായകമാകും. തനതു ഫണ്ടിൽ നിന്നും തുക തിരിമറി നടത്തിയതും, വർഗീയ പരാമർശം നടത്തിയ സെക്രട്ടറിയുടെ നിലപാടും ഒക്ടോബർ 6 ന് ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ചയാകുകയും, ഐക്യകണ്ഠേന സെക്രട്ടറിക്കെതിരെ കൗൺസിൽ തീരുമാനവുമെടുത്തിരുന്നു. ഇതു കാരണമാണ് സെക്രട്ടറി ഒപ്പിടാത്തതെന്ന് എം.രത്നാകരൻ പറഞ്ഞു. സെക്രട്ടറിയുടെ ഇടപ്പെടലും ജീവനക്കാരോടും ഓഫീസിലെത്തുന്നവരോടുള്ള പെരുമാറ്റവും കടുത്ത വിമർശനത്തിനു കാരണമാകുന്നുണ്ട്.