പാനൂർ (കണ്ണൂർ): പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. 'നിന്നെ വെച്ചേക്കില്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ എട്ടാം ക്ലാസുകാരനെ മർദ്ദിച്ചതെന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ (FIR) വ്യക്തമാക്കുന്നു.
സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിക്കുകയും പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
