കടവത്തൂർ: കുരുന്നുപ്രതിഭകൾ മാറ്റുരയ്ക്കുന്ന പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 9 മുതൽ 12 വരെ കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.
ഉപജില്ലയിലെ എഴുപതിലേറെ സ്കൂളുകളിൽ നിന്നായി നാലായിരത്തിലധികം വിദ്യാർഥികൾ മുന്നൂറിലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. പത്ത് മത്സരവേദികൾ, രജിസ്ട്രേഷൻ, ഭക്ഷണം, ഗതാഗതം, പാർക്കിങ്, ഹരിത പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്.
നവംബർ 10-ന് വൈകുന്നേരം മൂന്ന് മണിക്ക് പി.കെ. പ്രവീൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം നിർവഹിക്കും. നവംബർ 12-ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ സുവനീർ പ്രകാശനം നടത്തും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഗഫൂർ മൂലശ്ശേരി, ജനറൽ കൺവീനർ വി.കെ. സുജൻ, ഉപജില്ല എ.ഇ.ഒ ബൈജു കേളോത്ത്, മാനേജർ പി.പി.എ. സലാം തുടങ്ങിയവർ പങ്കെടുത്തു.
