പാനൂർ :പാട്യം പത്തായക്കുന്ന് കുപ്യാട്ട് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. മട്ടന്നൂർ കോളാരിയിലെ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (49) ആണ് തലശ്ശേരിയിൽ വച്ച് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് പാട്യം പത്തായക്കുന്ന് കുപ്യാട്ട് മുത്തപ്പൻ മടപ്പുരയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇരുമ്പുപാറയുമായി എത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തലശ്ശേരി എഎസ്പി സ്ക്വാഡും കതിരൂർ പോലീസും സംയുക്തമായി പിടികൂടിയത്. പാനൂർ മേഖലയിലുണ്ടായ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നിലവിൽ വിവിധ സ്റ്റേഷൻ പരിധിയിൽ ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
