പാലത്തായി പോക്സോ കേസിൽ പ്രതിയായ കെ. പത്മരാജന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയുടെ അമ്മ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. പ്രതിക്ക് പുറമെ സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് അതിജീവിതയുടെ അമ്മ ഹർജിയിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീലിനൊപ്പം അമ്മയുടെ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
തലശ്ശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി നേരത്തെ മരവിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്നും, കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ പാലത്തായിയിലെ പത്തുവയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി വിവരം മാതൃസഹോദരിയോട് പറഞ്ഞതിനെ തുടർന്ന് മാതാവ് ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും പരാതി നൽകുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പരാതി ലഭിച്ചത്.
പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് ഏപ്രിൽ 15-ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഉൾപ്പെടെ നാല് അന്വേഷണ സംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ, നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിലാണ് വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
