പാനൂർ :എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (എ.എസ്.എം.എസ്.എ) കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി യോഗവും 2026-27 വർഷത്തെ ജില്ലാതല മെമ്പർഷിപ്പ് വിതരണവും പാനൂരിൽ നടന്നു. കൂത്തുപറമ്പ് എം.എൽ.എ പി.കെ. പ്രവീൺ പരിപാടി ഉദ്ഘാടനം ചെയ്തു. എ.എസ്.എം.എസ്.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷിജു എ.കെ അധ്യക്ഷത വഹിച്ചു.
ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, ഭിന്നശേഷി നിയമപ്രകാരം അംഗീകാരം ലഭിക്കാത്ത ജീവനക്കാർക്കും നിയമന അംഗീകാരം നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഹയർ സെക്കൻഡറിയിൽ അനധ്യാപക നിയമനം നടത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ യോഗം സർക്കാരിനോട് ഉന്നയിച്ചു.
കൂടാതെ മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, എയ്ഡഡ് സ്കൂളിലെ ക്ലാർക്കുമാരുടെ ഗ്രേഡ് സ്കെയിലിലെ തടസ്സവാദം ഒഴിവാക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അനുവദിച്ച അഡ്വാൻസ് ഇൻക്രിമെന്റിന്റെ പേരിൽ ശമ്പളം തിരിച്ചുപിടിക്കുന്നത് നിർത്തലാക്കുക, യു.പി സ്കൂളുകളിൽ ക്ലാർക്ക് തസ്തിക അനുവദിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ യോഗം മുന്നോട്ടുവെച്ചു.
യോഗത്തിൽ ജില്ലാ സെക്രട്ടറി ദേവീദാസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ ഗോപീകൃഷ്ണൻ എൻ.സി.ടി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജതീന്ദ്രൻ കെ.വി, എ. രാജേഷ്കുമാർ, പെൻഷൻ ഫോറം സംസ്ഥാന ട്രഷറർ ഇ.എം. ഹരി, മുൻ ജില്ലാ പ്രസിഡന്റ് സന്തോഷ് വി. കരിയാട്, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ പി, സെക്രട്ടറി ജഗദീഷ് സി, ട്രഷറർ മനോജ് കെ.വി, പ്രദീഷ് വി, ഇസ്മയിൽ ടി.പി, ജയേഷ് പി, ജിതേഷ് വി.പി, സുനീഷ് ടി.എം, പെൻഷൻ ഫോറം കണ്ണൂർ ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള എം, വിജയൻ വി.പി, സുജിത്ത് സി എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ ലീജ ജെ നന്ദി പറഞ്ഞു.
