കരിയാട്: മുക്കാളിക്കരയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. 'വയലോരം' കൃഷിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച ഏകദേശം എഴുപതോളം നേന്ത്രവാഴകളാണ് ശനിയാഴ്ച രാത്രിയിലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പൂർണ്ണമായും നശിച്ചത്.
കൃഷിയിടത്തിലിറങ്ങിയ പന്നിക്കൂട്ടം വാഴത്തൈകൾ കുത്തിമറിച്ചിടുകയും കൃഷിഭൂമി ഉഴുതുമറിക്കുകയും ചെയ്തു. കർഷകർ വലിയ പ്രതീക്ഷയോടെയും കഠിനാധ്വാനത്തിലൂടെയും പരിപാലിച്ചുവന്നിരുന്ന വാഴത്തോട്ടമാണ് ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്. ഇതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കൃഷിക്കൂട്ടായ്മയ്ക്ക് ഉണ്ടായിരിക്കുന്നത്.
പ്രദേശത്ത് കാട്ടുപന്നി ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും കാർഷിക വിളകൾ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കർഷകർ പറഞ്ഞു. കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
