പാനൂർ: പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർ.സി ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ചമ്പാട് കൂരാറയിലെ നൊച്ചോളി താഴെക്കുനിയിൽ എൻ.കെ. സുരേഷ് ബാബുവിനെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പാനൂർ എസ്.ഐ മരിയ പ്രിൻസും സംഘവും പുത്തൂർ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രായപൂർത്തിയാകാത്ത കുട്ടി KL 13 F 4529 നമ്പർ സ്കൂട്ടർ ഓടിച്ചെത്തിയത്. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ഭാരതീയ ന്യായ സംഹിത (BNS) 125, മോട്ടോർ വാഹന നിയമത്തിലെ 5, 180, 199 A (1), 199 A (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടാൽ 25,000 രൂപ പിഴയും മൂന്ന് വർഷം വരെ കഠിനതടവും ലഭിച്ചേക്കാം. കൂടാതെ, വാഹനം ഓടിച്ച വ്യക്തിക്ക് 25 വയസ്സിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ എന്ന നിയമപരമായ നടപടിയും നേരിടേണ്ടി വരും.
