Zygo-Ad

കടവത്തൂർ എൻ.ഐ.എ. കോളേജിൽ രണ്ട് പുതിയ കോഴ്സുകൾക്ക് അനുമതി


കടവത്തൂർ :ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങളൊരുക്കി കടവത്തൂർ എൻ.ഐ.എ. കോളേജിൽ രണ്ട് പുതിയ എയ്ഡഡ് ബിരുദ കോഴ്സുകൾക്ക് അനുമതി ലഭിച്ചു. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും കണ്ണൂർ സർവ്വകലാശാലയുടെയും അനുമതി ലഭിച്ചതോടെ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ കോഴ്സുകൾ. കമ്പ്യൂട്ടർ അധിഷ്ഠിത പഠനത്തിനും വാണിജ്യ മേഖലയിലെ തൊഴിൽ സാധ്യതകൾക്കും പ്രാധാന്യം നൽകുന്ന ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സും, ഭാഷാ പ്രാവീണ്യം, ആശയവിനിമയ ശേഷി, ഇംഗ്ലീഷ് ഭാഷയുടെ പ്രായോഗിക ഉപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് കോഴ്സും വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന-തൊഴിൽ സാധ്യതകൾ തുറന്നുനൽകും.

1977-ലാണ് കടവത്തൂർ എൻ.ഐ.എ. കോളേജ് സ്ഥാപിതമായത്. 1995-ൽ സർവ്വകലാശാല അഫിലിയേഷനും 2010-ൽ യു.ജി.സി അംഗീകാരവും ലഭിച്ച സ്ഥാപനം, തുടർന്ന് 2013-ൽ ബിരുദാനന്തര ബിരുദ പഠനസൗകര്യങ്ങളുള്ള പി.ജി കോളേജായി ഉയർത്തപ്പെട്ടു. പൊതുജനങ്ങൾക്കും കൂടി ഉപകാരപ്രദമാകുന്ന തരത്തിൽ 5 കോടി രൂപയുടെ ലൈബ്രറി, അക്കാദമി ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ, കാന്റീൻ നവീകരണം തുടങ്ങിയവ കൂടിയാകുമ്പോൾ 5 ഏക്കറിലുള്ള കോളേജ് ക്യാമ്പസിന്റെ മുഖം മാറും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യവുമുണ്ട്. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9946751701, 9497646864, 9846931380, 9947445294 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ