പാനൂർ: പാനൂർ പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.20-നാണ് മോഷണം നടന്നത്. ജീവനക്കാരുടെ ശ്രദ്ധ വെട്ടിച്ചാണ് കാവി മുണ്ടും കളർ ഷർട്ടും ധരിച്ച യുവാവ് കടയ്ക്ക് മുന്നിൽ വെച്ചിരുന്ന സുജാത മിക്സി എടുത്തു കൊണ്ടുപോയത്.
ബൈക്കിലെത്തി ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് ഏറെ നേരം പ്രദേശം നിരീക്ഷിച്ചശേഷമാണ് വേഗത്തിൽ മിക്സി എടുത്തു കൊണ്ടുപോയത്. ഈ ദൃശ്യങ്ങളെല്ലാം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് സമാനമായ മറ്റൊരു സംഭവം താഴെ ചമ്പാടും നടന്നിരുന്നു. കഴിഞ്ഞ ജൂലൈ 14-ന് ബൈക്കിലെത്തിയ യുവാവ് മനേക്കര റോഡിന് സമീപം സജീവന്റെ കീർത്തി സ്റ്റോറിർ കടയുടെ മേശപ്പുറത്ത് മിൽമ വിതരണക്കാരൻ കൊടുക്കാനായി സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ കവർന്നിരുന്നു. പ്രതി ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ അടക്കം പോലീസിന് കൈമാറിയിട്ടും തുമ്പൊന്നുമുണ്ടായിരുന്നില്ല.
