പാനൂർ: പണവും സുപ്രധാന രേഖകളും അടങ്ങിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് പാനൂർ സ്വദേശിയായ മലയാളി യുവാവ് സത്യസന്ധതയുടെ മാതൃകയായി. പാനൂർ സ്വദേശി സുബൈർ ചിറ്റുള്ളിയാണ് ദുബായിൽ മാതൃകാപരമായ പ്രവൃത്തിയിലൂടെ ശ്രദ്ധേയനായത്.
അൽ ബർഷയിലെ തന്റെ ഷോപ്പിൽ നിന്ന് ലഭിച്ച പേഴ്സ് ഉടമസ്ഥൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ മൂന്ന് ദിവസത്തോളം സുബൈർ സൂക്ഷിച്ചുവെച്ചു. എന്നാൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ അൽ ബർഷ പൊലീസ് സ്റ്റേഷനിലെത്തി പേഴ്സ് അധികാരികൾക്ക് കൈമാറുകയായിരുന്നു.
യു.എ.ഇ ദിർഹങ്ങൾ, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ കാർഡ്, നാല് എ.ടി.എം കാർഡുകൾ തുടങ്ങിയവയാണ് പേഴ്സിലുണ്ടായിരുന്നത്. പരിശോധനയിൽ പേഴ്സ് ദുബായ് സിവിൽ ഡിഫൻസിൽ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്റേതാണെന്ന് വ്യക്തമായി. സുബൈറിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് ദുബായ് പൊലീസ് ഔദ്യോഗികമായി ഫൗണ്ട് റിപ്പോർട്ട് സർട്ടിഫിക്കറ്റ് നൽകി. വിദേശമണ്ണിൽ സത്യസന്ധതയുടെ മാതൃകയായി മാറിയ സുബൈറിന്റെ പ്രവൃത്തി പ്രവാസി മലയാളികൾക്കും പാനൂരിനും അഭിമാനമായി. പണത്തേക്കാൾ ഉപരി മാനവികതയ്ക്കും സത്യസന്ധതയ്ക്കും വിലകൽപ്പിക്കുന്ന സുബൈറിന്റെ നടപടി സമൂഹത്തിന് മികച്ച സന്ദേശമാണ് നൽകുന്നത്.
