Zygo-Ad

ചൊക്ലിയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 15 കൗമാരക്കാർ പിടിയിൽ: ആർസി ഉടമയ്ക്ക് 25,000 രൂപ പിഴയും തടവുശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

 


ചൊക്ലി: പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന കൗമാരക്കാർക്കെതിരെ നടപടികൾ ശക്തമാക്കി ചൊക്ലി പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ വാഹന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ച പതിനഞ്ചോളം കൗമാരക്കാരെയാണ് പോലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമം ലംഘിച്ച് വാഹനമോടിക്കുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ ലൈസൻസില്ലാതെ വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ചൊക്ലി സ്റ്റേഷൻ പരിധിയിലാണെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്ക് വലിയ നിയമ-സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ ആർസി ഉടമയുടെ പേരിലാണ് കേസെടുക്കുക. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 25,000 രൂപ പിഴയോ 3 വർഷം വരെ കഠിനതടവോ ലഭിക്കാം. കൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നതും കേസിൽ അകപ്പെടുന്ന കുട്ടികൾക്ക് 25 വയസ്സുവരെ ലൈസൻസ് ലഭിക്കില്ലെന്നതും ഗൗരവമേറിയ കാര്യമാണെന്ന് ചൊക്ലി എസ്എച്ച്ഒ ആർ രാകേഷ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ