പാനൂർ: പാനൂർ നഗരസഭാ അതിർത്തിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും പാനൂർ നഗരസഭാ ആരോഗ്യവിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പരിശോധനയ്ക്കിടെ അണിയാരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ പേളിൽ നിന്നും ഹോട്ടലിലെ മലിനജലം നേരിട്ട് പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന് ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച ഹോട്ടലിന് 35,000 രൂപ പിഴ ഈടാക്കുകയും വരും ദിവസങ്ങളിൽ കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
