പൊയിലൂർ: കൃഷിയുടെ പാഠങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് നേരിട്ട് വയലിലേക്കെത്തിച്ച് പൊയിലൂർ സെൻട്രൽ എൽ.പി. സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ കൊയ്ത്തുത്സവം കുട്ടികൾക്ക് വേറിട്ടൊരു പഠനാനുഭവമായി മാറി.
പ്രദേശത്തെ അധ്യാപകനായ പവിത്രൻ മാസ്റ്ററുടെ വയലിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പരമ്പരാഗത നെൽകൊയ്ത്ത് രീതികൾ നേരിട്ട് കണ്ടുപഠിക്കാനും വിദ്യാർഥികൾക്ക് ഇതിലൂടെ അവസരം ലഭിച്ചു.
വയലിലിറങ്ങിയ കുട്ടികൾ കർഷകരോടൊപ്പം ചേർന്ന് കൊയ്ത്തിൽ പങ്കാളികളായി. നെല്ല് കൊയ്യുന്ന രീതികൾ നേരിട്ട് മനസ്സിലാക്കിയ വിദ്യാർഥികൾക്ക് കൃഷിയുടെ അധ്വാനവും മഹത്ത്വവും തിരിച്ചറിയാൻ പരിപാടി സഹായകമായി. കൃഷിയുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾ കർഷകരിൽനിന്ന് ചോദിച്ചറിഞ്ഞ കുട്ടികൾക്ക് പ്രായോഗിക അറിവുകൾ പകർന്നുനൽകാനും ഇതിലൂടെ സാധിച്ചു.
കാർഷിക സംസ്കാരത്തെയും കർഷകരുടെ അധ്വാനത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ടായിരുന്നു.
ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ, പവിത്രൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് മഹമൂദ് എൻ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഠനവും അനുഭവവും സമന്വയിപ്പിച്ച കൊയ്ത്തുത്സവം വിദ്യാർഥികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.
