പാനൂർ: പാനൂർ ലയൻസ് ക്ലബ്ബും ബി.ആർ.സി. പാനൂരും സംയുക്തമായി കോയമ്പത്തൂർ അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അധ്യാപകർക്കായി സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുട്ടികളിലെ കാഴ്ചവൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിയാനും ആവശ്യമായ പരിചരണം ഉറപ്പാക്കാനും അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ചടങ്ങിൽ പാനൂർ എ.ഇ.ഒ. ബൈജു കേളോത്ത് മുഖ്യതിഥിയായി പങ്കെടുത്തു.
ലയൻസ് ക്ലബ്ബ് ഭാരവാഹികൾ, ബി.ആർ.സി. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
