നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പത്മരാജന്റെ ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുകയായിരുന്നു. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ ഈ നടപടി.
സംസ്ഥാന സർക്കാറിനായി സ്റ്റാൻഡിംഗ് കൗൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അപ്പീൽ സമർപ്പിച്ചത്. നേരത്തെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്യുന്ന അപ്പീലിനോടൊപ്പം നൽകിയ ഉപഹർജി അനുവദിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് മുൻപ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുതെന്നും മാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
