Zygo-Ad

കരിയാട്ടെ 17-കാരന്റെ തിരോധാനം: അന്വേഷണം ഒരു മാസം പിന്നിട്ടിട്ടും തുമ്പില്ല; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് അച്ഛൻ

 


കരിയാട് സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ഒരു മാസം പിന്നിട്ടിട്ടും സൂചനയൊന്നുമില്ലാതെ പൊലീസ്. പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ആവശ്യപ്പെട്ടു. മകന്റെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നും, ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുണ്ടോ എന്നും സംശയിക്കുന്നതായി അച്ഛൻ വ്യക്തമാക്കി.

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ പിണങ്ങി കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് പതിനേഴുകാരൻ പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം ഒരാഴ്ച തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിക്കാതെ മടങ്ങി. യുപി പൊലീസിന്റെയും മലയാളി അസോസിയേഷൻ പ്രവർത്തകരുടെയും സഹായത്തോടെ നൂറിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കേരളത്തിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.


വളരെ പുതിയ വളരെ പഴയ