ചൊക്ലി: കരിയാട് പുളിയനമ്പ്രത്തെ പ്ലസ് ടു വിദ്യാർത്ഥി ശിവ സൂര്യയെ (17) കാണാതായിട്ട് 25 ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയും എ. ജിഗീഷിന്റെ മകനുമായ ശിവ സൂര്യയെ ആഗസ്റ്റ് 8-നാണ് വീട്ടിൽ നിന്ന് കാണാതായത്.
ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ മനസ് വിഷമിച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു യാത്ര. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വാരണാസിയിൽ കേന്ദ്രീകരിച്ച് പോലീസ് ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും നിർണായകമായ യാതൊരു സൂചനയും ലഭിച്ചില്ല.
തുടരന്വേഷണത്തിന് വിവരങ്ങളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ വാരണാസിയിൽ ക്യാമ്പ് ചെയ്തിരുന്ന പ്രത്യേക അന്വേഷണ സംഘം മടങ്ങുകയാണ്. വിദ്യാർത്ഥിയെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിൽ വലിയ ആശങ്കയിലാണ് കുടുംബവും നാട്ടുകാരും.
