പാനൂർ: മഴ മാറി ചൂട് ശക്തമായതോടെ പാനൂർ ഗവ. ആശുപത്രി ഉൾപ്പെടെയുള്ള പ്രദേശത്തെ പ്രധാന ചികിത്സാ കേന്ദ്രങ്ങളിൽ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനിക്കൊപ്പം വിട്ടുമാറാത്ത ക്ഷീണം, കഫക്കെട്ട്, ശക്തമായ ചുമ, ഛർദി, ശരീരവേദന, തലവേദന, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ അസ്വസ്ഥതകളോടെയാണ് ഭൂരിഭാഗം ആളുകളും ചികിത്സ തേടുന്നത്. രോഗം മാറിയ ശേഷവും കടുത്ത ക്ഷീണം കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
പാനൂർ ഗവ. ആശുപത്രിക്ക് പുറമെ താലൂക്ക് ആശുപത്രിയിലും തലശ്ശേരിയിലെ സഹകരണ-സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിൽ മേഖലയിൽ ചിലർക്ക് ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികളിൽ കൃത്യമായ പരിശോധനയും രോഗനിർണയവും ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ കൊതുകുപെരുകലും പരിസര മലിനീകരണവുമാണ് പകർച്ചവ്യാധികൾ പടരാൻ കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറെ കാണണമെന്നും തലശ്ശേരി-പാനൂർ മേഖലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
