Zygo-Ad

പാനൂരിൽ മുദ്രപത്ര ലഭ്യത ഉറപ്പാക്കണം: ബി.ജെ.പി


പാനൂർ: പാനൂരിൽ വർഷങ്ങളായി തുടരുന്ന മുദ്രപത്ര ക്ഷാമത്തിന് സംസ്ഥാന സർക്കാർ ശാശ്വതമായ പരിഹാരം കാണണമെന്ന് ബി.ജെ.പി പാനൂർ മണ്ഡലം പ്രസിഡന്റ് കെ.സി. വിഷ്ണു ആവശ്യപ്പെട്ടു. ബി.ജെ.പി പാനൂർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാനൂരിൽ മുദ്രപത്രം ലഭ്യമാകാത്തത് സാധാരണക്കാരായ ജനങ്ങളെ വലിയ തോതിലാണ് ബുദ്ധിമുട്ടിക്കുന്നത്. വാടക കരാർ, വസ്തു ഇടപാടുകൾ, വായ്പ കരാറുകൾ, സത്യവാങ്മൂലങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് അത്യന്താപേക്ഷിതമായ മുദ്രപത്രത്തിനായി പാനൂർ നിവാസികൾ കിലോമീറ്ററുകൾ താണ്ടി തലശ്ശേരി, കൂത്തുപറമ്പ്, കല്ലിക്കണ്ടി എന്നിവിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

പാനൂർ സബ് രജിസ്ട്രാർ ഓഫീസിലും ടൗണിലുമായി മുദ്രപത്രം വിറ്റിരുന്ന ലൈസൻസികളുടെ മരണശേഷം മറ്റാർക്കും പുതുതായി ലൈസൻസ് നൽകിയിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പുതിയ ലൈസൻസുകൾ അനുവദിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ രോഹിത് റാം, എം. രത്നാകരൻ, പി.പി. രജിൽ കുമാർ, പി. സുരേന്ദ്രൻ, കെ.പി. അജിത, യു.പി. ബാബു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ