പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓണച്ചന്തയ്ക്ക് അരയാക്കൂലിൽ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെയും പന്ന്യന്നൂർ സി.ഡി.എസ്സിന്റെയും നേതൃത്വത്തിൽ വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഏകോപിപ്പിച്ചാണ് ചന്ത സംഘടിപ്പിക്കുന്നത്.
ഓണച്ചന്തയുടെ ഉദ്ഘാടനം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മണിലാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ കെ. ലീല ടീച്ചർ, ജസീലാ, ജിൻഷ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.പി. സതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണച്ചന്ത ഞായറാഴ്ച സമാപിക്കും. ഭക്ഷ്യവസ്തുക്കൾ, ധാന്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ ചന്തയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിനാൽ വൻ തിരക്കാണ് ചന്തയിൽ അനുഭവപ്പെടുന്നത്.
