കുന്നോത്ത്പറമ്പ്: ഗ്രാമീണതയുടെ പരിശുദ്ധിയുമായി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് തയാറാക്കുന്ന ഗ്രാമശ്രീ ബനാന ചിപ്സ് വിപണിയിലെത്തി. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കുന്ന ചിപ്സിന്റെ ഉൽപ്പാദനവും വിതരണവുമാണ് പുതിയ സംരംഭത്തിന് കീഴിൽ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് പുതിയ പദ്ധതിക്ക് തുടക്കമായത്.
പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. പതിനാലാം വാർഡ് മെമ്പർ ഫെമിനാസ് റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എൻ. അനിത, മുൻ വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഗ്രി സി.ആർ.പി രജിഷ സ്വാഗതവും എ.ഡി.എസ് മെമ്പർ ഉഷ നന്ദിയും രേഖപ്പെടുത്തി.
ഉയർന്ന ഗുണനിലവാരത്തിൽ തയാറാക്കുന്ന ഗ്രാമശ്രീ ബനാന ചിപ്സ് കണ്ണങ്കോട് സബ് സെന്ററിന് സമീപത്തെ കടയിലും കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഓണച്ചന്തയിലും ലഭ്യമാണ്.
