Zygo-Ad

പാനൂരിൽ ബാങ്കിൽ തീപ്പിടുത്തം; സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി


പാനൂർ: പാനൂർ ഗുരുസന്നിധിക്ക് സമീപം വള്ളങ്ങാട് പ്രവർത്തിക്കുന്ന എച്ച്. ഡി. എഫ്. സി. ബാങ്ക് ശാഖയിൽ തീപ്പിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ ഉയർന്നതോടെ ബാങ്കിലെ ഫയർ സൈറൺ മുഴങ്ങുകയും ജീവനക്കാർ ഉടൻ തന്നെ പാനൂർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ അഗ്നിശമന രക്ഷാ സേന ഫയർ എക്സ്റ്റിംഗുഷറുകൾ ഉപയോഗിച്ച് തീ പെട്ടെന്നുതന്നെ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ഇടപാടുകാർ എത്തിത്തുടങ്ങുന്നതിന് മുൻപായതിനാൽ അപകടസമയത്ത് ബാങ്കിനുള്ളിൽ ആളുകൾ കുറവായിരുന്നു. ലിയോ ക്ലിനിക്ക്, ഫിദ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, യു. സ്മൈൽ ഡെന്റൽ ക്ലിനിക്ക് ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞ് പാനൂർ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



വളരെ പുതിയ വളരെ പഴയ