Zygo-Ad

കിടഞ്ഞി-തുരുത്തിമുക്ക് പാലം നിർമാണം പുനഃരാരംഭിച്ചു: സ്പാൻബോ സ്ട്രിങ് ആർച്ച് മാതൃകയിൽ ആധുനിക പാലം ഉയരും

 


വർഷങ്ങളായി മുടങ്ങിക്കിടന്ന കിടഞ്ഞി-തുരുത്തിമുക്ക് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പുനഃരാരംഭിച്ചു. കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരി തുരുത്തിമുക്കിനെയും ബന്ധിപ്പിക്കുന്ന പാലം ആധുനിക സ്പാൻബോ സ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്.

204 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് കിടഞ്ഞി ഭാഗത്ത് 175 മീറ്ററും തുരുത്തിമുക്ക് ഭാഗത്ത് 60 മീറ്ററും നീളമുള്ള അനുബന്ധ റോഡുകളാണുള്ളത്. കിടഞ്ഞി ഭാഗത്തെ റോഡിന്റെ ഒരു ഘട്ടം പൂർത്തിയായിക്കഴിഞ്ഞു.

എം.കെ. മുനീർ മന്ത്രിയായിരുന്നപ്പോൾ അനുവദിച്ച പദ്ധതി പലവിധ തടസ്സങ്ങളാൽ വർഷങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. തുടർന്ന് മാഹിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം നിർദിഷ്ട ജലപാതയ്ക്ക് അനുയോജ്യമായ രീതിയിൽ പുനർരൂപകൽപ്പന ചെയ്യേണ്ടി വന്നതും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും നിർമാണം വൈകിച്ചു. നിർമാണ സാമഗ്രികളുടെ വിലവർധനവ് മൂലം തുക പുതുക്കി നിശ്ചയിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

തുടർന്ന് ജനപ്രതിനിധികളുടെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ഇടപെടലിനെ തുടർന്ന് കിഫ്ബി കൂടുതൽ തുക അനുവദിച്ചതോടെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പണി പുനഃരാരംഭിച്ചത്.

പാലം യാഥാർഥ്യമാകുന്നതോടെ പാനൂർ മേഖലയിലുള്ളവർക്ക് വടകര, നാദാപുരം ഭാഗങ്ങളിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കുമുള്ള യാത്രാദൂരം വലിയ തോതിൽ കുറയും. നിലവിൽ ഈ ഭാഗത്തുള്ളവർ തോണിമാർഗ്ഗമാണ് പുഴ കടക്കുന്നത്. പാലവും അനുബന്ധ തീരദേശ റോഡും വരുന്നതോടെ പ്രദേശത്ത് വലിയ ടൂറിസം സാധ്യതകളാണ് തുറക്കപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ