കരിയാട്: കരിയാട് നമ്പ്യാർസ് യു.പി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശമുയർത്തി സഹ്യാദ്രി – യുദ്ധത്തിനെതിരെ കൈകോർക്കാം എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഏഴാം ക്ലാസിലെ നൂറിലധികം വിദ്യാർഥികളാണ് പരിപാടിയിൽ അണിനിരന്നത്.
യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികൾ പങ്കെടുത്ത വിപുലമായ ചർച്ചയും നടന്നു. യുദ്ധങ്ങൾ മനുഷ്യജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെയും ദോഷഫലങ്ങളെയും കുറിച്ച് ചർച്ചയിൽ ആഴത്തിൽ വിലയിരുത്തി. യുദ്ധവിരുദ്ധ സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനും ലോകസമാധാനത്തിന്റെ പ്രാധാന്യം വിദ്യാർഥികളിൽ ബോധ്യപ്പെടുത്തുന്നതിനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
