പാനൂർ : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി കയ്യിൽ വെറും മുപ്പത് രൂപയുമായി പാലക്കാട്ടുനിന്ന് അർധരാത്രിയിൽ പാനൂരിലേക്ക് പുറപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപെടുത്തി. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ വിദ്യാർത്ഥികൾ പെൺകുട്ടി മുൻപ് അയച്ചുനൽകിയ ഗൂഗിൾ മാപ്പ് നോക്കി രാത്രിയിൽ കാൽനടയായി യാത്ര ചെയ്യുകയായിരുന്നു.
അർധരാത്രിയിൽ നടന്ന ഫ്രാൻസ് - സ്പെയിൻ ഫുട്ബാൾ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി തലശേരിക്ക് പോയ ചമ്പാട് സ്വദേശികളായ ലിജാസ്, ഷബീർ, ഷാനൂട്ടൻ, കെ.വി റയീസ്, റംഷി എന്നിവരാണ് കുട്ടികളെ ആദ്യം കണ്ടത്. കളി കഴിഞ്ഞ് പുലർച്ചെ രണ്ട് മണിയോടെ മടങ്ങുമ്പോൾ താഴെ ചമ്പാട് ഭാഗത്തുനിന്നും കുട്ടികൾ പരുങ്ങുന്നത് കണ്ട് ഇവർ തടഞ്ഞുനിർത്തി കാര്യം തിരക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടികൾ പാലക്കാട് സ്വദേശികളാണെന്ന് വ്യക്തമായത്.
ഒന്നര ആഴ്ച മുമ്പ് മാത്രമാണ് ഇവർ ഇൻസ്റ്റഗ്രാം വഴി പാനൂർ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഫോണിൽ സംസാരിക്കുന്നത് പെൺകുട്ടിയുടെ അമ്മ കൈയ്യോടെ പിടിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. ഇതോടെയാണ് മുൻപ് അയച്ചു കിട്ടിയ ഗൂഗിൾ മാപ്പ് ലൊക്കേഷൻ പിന്തുടർന്ന് വിദ്യാർത്ഥികൾ പാലക്കാട്ടുനിന്ന് വണ്ടി കയറിയത്. മാപ്പ് പ്രകാരം ചെറുവാഞ്ചേരിയിലായിരുന്നു പെൺകുട്ടിയുടെ വീട്.
അർധരാത്രിയിൽ അപരിചിതമായ സ്ഥലത്ത് വിദ്യാർത്ഥികൾ അപകടത്തിൽ പെടാൻ സാധ്യതയുള്ളതിനാൽ യുവാക്കൾ ഇവരെ തങ്ങളുടെ വാഹനത്തിൽ കയറ്റി ഉടൻ തന്നെ പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ മൂവർ സംഘത്തിന്റെ കൈയ്യിൽ ആകെ 30 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് കുട്ടികളുടെ ബന്ധുക്കളെ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയക്കുകയും ചെയ്തു.
