സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പാനൂരിൽ എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി. പാനൂർ പൊലീസും സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് വെച്ച് സിനിമാ സ്റ്റൈലിൽ തടഞ്ഞുനിർത്തുകയായിരുന്നു. പ്രതികളിൽ നിന്ന് 0.43 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ഥാർ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയതിന് പിന്നാലെ വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി.
കൂത്തുപറമ്പ് സ്വദേശികളായ താഴെ പാറേമ്മൽ അബ്ദുൽ സലാം, ഇലച്ച പറമ്പത്ത് മുഹമ്മദ് ഹാരിസ്, നീർക്കുന്നുമ്മൽ എം. റിയാസ്, പുത്തൻപുരയിൽ കെ. ആഷിഫ് എന്നിവരാണ് പിടിയിലായ പ്രതികൾ. ഈ ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് കണ്ണികളുണ്ടോ എന്നും കണ്ടെത്തുന്നതിനായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ മുഹമ്മദ് ഷജീർ, മുഹമ്മദ് സഹദ്, കെ. റജിലേഷ്, മരിയ പ്രിൻസ്, എസ്.സി.പി.ഒമാരായ ജിജിൽ, ലിനീഷ്, സിജിൻ എന്നിവരും സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമിലെ എസ്.ഐ ഷജീമും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ലഹരി കടത്തിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
